ഇന്ന് ഞാൻ വെടിഞ്ഞു, നീയെന്ന മൃഗം ഒരിക്കൽ വലിച്ചു പിഴുതു ആസ്വദിച്ച ആ മുടികെട്ട്.
ഗന്ധർവരൂപത്തിൽ വന്ന നീയെന്ന പിശാചിൻറ്റെ മിഥ്യയിൽ അനുസരണയുള്ള ആട്ടിന്കുട്ടിയെപോലെ ഞാനാ മുടികെട്ടു വളർത്തിയത് ഇന്നുമോർക്കുന്നു.
" നിൻറ്റെ മുടി ഇഴകളുടെ ആഴങ്ങളിൽ എനിക്കെന്നെ തന്നെ മറക്കണം" എന്ന് നീ പറഞ്ഞപ്പോൾ, ഒരു വിഡ്ഢിയെപ്പോലെ അത് വിശ്വസിച്ച എന്നെയോർക്കുന്നു. പിന്നീട്, അതേ നീയെൻറ്റെ ശരീരത്തിലും ആത്മാവിലും ഓരോ തവണ മുറിവേൽപ്പിക്കുമ്പോഴും ഞാൻ കണ്ടു, വേദനയിൽ പിടയുന്ന എന്നെ കണ്ടു സന്തോഷിക്കുന്ന നീയെന്ന പിശാചിനെ. ഞാൻ അടുത്തറിഞ്ഞു, നിന്റെ ആത്മാവിനുള്ളിലെ ഭീതിപ്പെടുത്തുന്ന അന്ധകാരത്തെ.
അങ്ങനെ എപ്പോഴോ എന്റ്റെ ശരീരവും മനസ്സും മരവിച്ചു. പിന്നീട് ഓരോ തവണയും വേദനിപ്പിക്കാൻ ശ്രമിച്ചപ്പോളും നീ തോറ്റുകൊണ്ടേയിരുന്നു. നീ നിൻറ്റെ അവസാന ആയുധമാക്കിയത് എൻ്റെ മുടികെട്ടു ആയിരുന്നു. വർഷങ്ങൾക്കു മുൻപ് ആ തണുത്ത തറയിൽ, തളം കെട്ടിക്കിടന്ന എൻ്റെ ചോരയിലും ചിതറിക്കിടന്ന മുടിഇഴകൾക്കിടയിലും, പാതിജീവനെ കിടക്കവേ ഞാൻ തീരുമാനിച്ചിരുന്നു, നീ തീർത്ത ഈ നരകം ഞാൻ ജീവനോടെ താണ്ടിയാൽ ഒരിക്കലെങ്കിലും ഈ മുടികെട്ടു ത്യജിക്കുമെന്നു.
പക്ഷെ ഇന്നീ മുടിഇഴകൾ ഒന്നൊന്നായി എൻ്റെ തലയിൽ നിന്നും ഉതിർന്നുവീണപ്പോൾ, വിധിയുടെ നിന്നോടുള്ള പരിഹാസമോ എന്തോ, നീയോ... വർഷങ്ങൾക്കു മുൻപുള്ള ആ വേദനിപ്പിക്കുന്ന ഓർമകളോ... എൻ്റെ മനസ്സിൽ കൂടെ കടന്നുപോയതേയില്ല.
എന്നെ പോലും അത്ഭുതപ്പെടുത്തും വിധം, എൻ്റെ ഉള്ളിൽ നിറഞ്ഞതു നിർവചിക്കാനാകാത്ത ഒരു തരം സന്തോഷവും, എന്നെ കൂടെ ചേർത്ത് പിടിച്ചവരുടെ, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ വെളിച്ചവും മാത്രം. നീയെന്ന വിഷപാമ്പു് തീണ്ടിയ നാൾ മുതൽ എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്ന ഉഗ്രവിഷത്തിൻ്റെ നല്ലൊരു അംശം ഒഴിഞ്ഞു പോയതുപോലൊരു ആശ്വാസം.
അത് മനസ്സിലാക്കിയ നിമിഷം ഞാൻ തേടിക്കൊണ്ടിരുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തനിയെ തിരിച്ചറിഞ്ഞപോലെ തോന്നി. ഒന്നൊന്നായി ആണെങ്കിലും, വർഷങ്ങൾ എടുക്കേണ്ടിവന്നാലും, നീയെന്ന ആത്മാവില്ലാത്ത ജന്തു തീർത്ത ഈ ഇരുണ്ട നരക വീഥി ഞാൻ താണ്ടും, ജീവനോടെ.
അതിൻ്റെ കാരണം നീ തിരയണമെന്നില്ല, നീ ഒരിക്കലും ഉൾക്കൊണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും അനുഭവിക്കുകയും ഇല്ലാത്ത വികാരം തന്നെ, സ്നേഹം.
എനിക്ക് നഷ്ട്ടപെട്ടതു, നിർജീവിയായ നീയെന്ന കളവിന്, മനസ്സറിഞ്ഞു കൊടുത്ത സ്നേഹവും, കുറച്ചു വർഷങ്ങളും മാത്രം. അത് ഞാൻ തിരിച്ചു പിടിക്കും.
പക്ഷെ നീ കൈവിട്ടു കളഞ്ഞത് നിനക്ക് ജീവിതത്തിൽ ഒരിക്കലായി മാത്രം വിധി അനുവദിച്ചു തന്ന സ്നേഹത്തിന്റ്റെ വെളിച്ചമാണ്. അത് നീ തല്ലികെടുത്തിയത് എൻ്റെ നെഞ്ചു കീറിയ ചോര കൊണ്ടാണ്.
അതിൻ്റെ ശാപവും പേറി ഇനിയും ജന്മങ്ങൾ നീ കഴിച്ചുകൂട്ടുന്നത് ഓർക്കുമ്പോൾ വെറുപ്പല്ല, സഹതാപം തോന്നുന്നു നിന്നോട്.
ഒരുപക്ഷെ അതാവും പ്രതികാരവും. എൻ്റെ മാത്രമല്ല, വിധിയുടെയും.
കാലം ഇനിയുമുരുളും, മുടികെട്ടുകൾ ഇനിയും വളരുകയും ത്യജിക്കപ്പെടുകയും ചെയ്യും.
ചിലപ്പോൾ ആ മുടിക്കെട്ടിന്റ്റെ ആഴങ്ങളിൽ ആരെങ്കിലും സ്നേഹത്തിന്റെ പവിഴങ്ങൾ ഇനിയും കണ്ടെത്തിയെന്നും വരും.
കാരണം സത്യവും, സ്നേഹവും, വെളിച്ചവും ഒക്കെ അങ്ങനെയാണ്, എത്രയൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും അന്ധകാരത്തിൻ്റെ ഇരുൾ താണ്ടി പുറത്തു വരിക തന്നെ ചെയ്യും.
- രചന ഋതു
ചിത്രങ്ങൾക്കു കടപ്പാട് : ശ്രുതി നമ്പൂതിരിയുടെ "ചാരുലത", പാർവതി മേനോൻ, സുദീപ് പലനാട്





