Saturday, 19 January 2019

ആകാശങ്ങൾ

ദത്തൻ : ആമി ...

ആമി : മ്മ്മം ?

ദത്തൻ : എന്താ നീ ഇപ്പൊ ചിന്തിക്കുന്നേ?



















ആമി: ഒന്നുല്ല, എന്തെ?

ദത്തൻ: ഇപ്പോൾ മനസ്സിൽ എന്താണോ അത് പറയു.

ആമി: അറിയില്ല.... ഞാൻ എന്റെ ആകാശം തേടുന്നു ....മുറിച്ചു കളയപെട്ട                   എന്റെ ചിറകുകൾ തിരിച്ചു വരുമ്പോളേക്കും പറക്കുവാനായി .......

ദത്തൻ : എന്റെ കയ്യിൽ ഒന്നുണ്ട് , വേണോ ?












ആമി: ഒരിക്കൽ കൂടി നിന്റെയാ  ആകാശം പകുത്തു തരാൻ ആകുമോ   
              നിനക്ക്? വേണ്ട. ഇനി ഒരിക്കൽ കൂടി ആകാശത്തിനും                           
              നക്ഷത്രങ്ങൾക്കും അതിർവരമ്പുകൾ വരച്ചു അവകാശം     
              പറച്ചിലുകൾ  വേണ്ട.

ദത്തൻ: മുഴുവൻ തന്നാലോ ?












ആമി: അപ്പോൾ എന്റെ ആകാശമോ? എനിക്കതു ഒരുപാട് പ്രിയപ്പെട്ടതാണ്.
             വേണ്ട. ഇതിങ്ങനെ രണ്ടായി തന്നെയിരിക്കട്ടെ.
             നമ്മൾ കണ്ടുമുട്ടുമ്പോളൊക്കെ രണ്ടാകാശങ്ങളും ചേർത്ത് വച്ച് വേറിട്ട
             നക്ഷത്രങ്ങളെ നോക്കി ചിരിക്കാം...

ദത്തൻ: എനിക്ക് മറുപടി ഇല്ലാതെ ഇരിക്കേണ്ടി വരുന്നത് നിന്റെ
                ഒറ്റയൊരാളുടെ മുന്പിലാണ് ആമി...
               എനിക്കതത്ര സഹിക്കുന്നില്ല....

ആമി: അങ്ങനെ ദത്തനെ ഇരുത്താൻ ലോകത്തു ഒരാളെങ്കിലും വേണ്ടേ?

ദത്തൻ: അങ്ങനെ ആമി ഉണ്ടാകുമോ? എന്നും?

ആമി: ദത്തൻറ്റെ തമാശകൾ എന്നും അസമയത്താണ് ...

മറുതലയ്ക്കൽ അമർഷത്തോടെ ദത്തൻ ഫോൺ വെയ്ക്കുന്നതും കേട്ട് ചിരിച്ചുകൊണ്ട് ആമി വീണ്ടും വാക്കുകളുടെ ലോകത്തേക്ക് ചേക്കേറി, എന്തുകൊണ്ടോ അവൾ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ തലക്കെട്ടും ചിരിപ്പിക്കുന്നതായിരുന്നു കുറച്ചേറെ ചിന്തിപ്പിക്കുന്നതും, "രണ്ടാമൂഴത്തിലെ പിഴവുകൾ"....












മാത്തനു അപ്പുന്റെ മനസ്സിൽ നിന്നും....

-- രചനഋതു


ചിത്രങ്ങൾക്ക് കടപ്പാട് : മായാനദി സിനിമ , യൂട്യൂബ് 

Tuesday, 8 January 2019

മഴയും... പ്രണയവും .....


കോരി ചൊരിയുന്ന  മഴ ....

ഇടിമിന്നൽ വെട്ടി തുടങ്ങിയപ്പോളേ ഹരിനാരായണനു ചിരി വന്നു .
നിമിഷങ്ങൾക്കുള്ളിൽ മുഴങ്ങാൻ  പോകുന്ന ഇടി വെട്ടുന്നതിന്റെ ശബ്ദത്തിനൊപ്പം നടുങ്ങുന്ന ആമിയുടെ  മുഖം, നോക്കാതെ തന്നെ അവനു മനസ്സിൽ കാണാമായിരുന്നു.

വിവാഹം  കഴിഞ്ഞു മലമുകളിൽ ഉള്ള വീട്ടിലേക്കു താമസമായി നാളുകൾ ആകുംമുൻപേ, വർഷത്തിൽ മുക്കാൽപാതിയും മഴ പെയ്യുന്ന, അവിടുത്തെ മഴക്കാലം തുടങ്ങി.


അവൾ മഴയെ പ്രണയിക്കുന്നവൾ ആയിരുന്നു... മഴയത്തു സ്വയം മറന്നു, സർവ്വതും സമർപ്പിച്ചു, ആമി നില്കുന്നത് കാണുമ്പോൾ, ശെരിക്കു പറഞ്ഞാൽ അൽപ്പം കുശുമ്പുപോലും തോന്നിയിരുന്നു. പക്ഷെ ഇടിവെട്ടുന്ന മഴ അവൾക്കു പണ്ടേ ഇഷ്ടമല്ലത്രെ ... ഇടിവെട്ടുമ്പോൾ നിർത്താതെ രാമനാമം ചൊല്ലുന്ന, വലിയമ്മുമ്മയുടെ പുറകിൽ അഭയം തേടുന്ന ആമിക്കുട്ടിയുടെ കഥ, പരിചയപെട്ടു നാളുകൾക്കുള്ളിൽ മഴയോടുള്ള പ്രണയത്തെ കുറിച്ച് പറയുമ്പോൾ അവൾ പറഞ്ഞിരുന്നു.

ജോലിയുടെ വല്ലാത്ത തിരക്കിൽ ആയിരുന്നു അന്ന്. അതുകൊണ്ട് തന്നെ മഴ പെയ്തുതുടങ്ങിയത് അറിഞ്ഞതേയില്ല. ഇടിവെട്ടിയപ്പോളാണു പുറത്തു മഴ ശക്തി പ്രാപിച്ചത് ശ്രദ്ധയിൽപെട്ടത്. അടുത്ത നിമിഷം മൊബൈൽ നിർത്താതെ മുഴങ്ങാൻ തുടങ്ങി.

ആമിയാണ്...ഫോണെടുത്തു...

"ഹരി"... ശബ്ദത്തിൽ തന്നെ എന്തോ പന്തികേട് തോന്നി...
"പറ ആമി....എന്തെ പറ്റിയെ?"
"ഹരി, ഒന്ന് വേഗം വീട്ടിലേക്കു വരാൻ പറ്റുമോ?"

അഞ്ചു  നിമിഷത്തിന്റെ പോലുമില്ല വീടും ഓഫീസും തമ്മിൽ ദൂരം, എങ്കിലും വിവാഹം പ്രമാണിച്ചു എടുത്ത അവധികളുടെ പണി പിടിപ്പതു ഉണ്ടായിരുന്നു...

"എന്തെ ആമി? കുറച്ചു പണികൂടെ ഉണ്ട്. തീർത്തിട്ട് വന്നാൽ മതിയോ?"

മറുതലയ്ക്കൽ അനക്കമില്ല .......
നല്ലൊരു ഇടിമുഴങ്ങി .... ഒരു തേങ്ങലോടെ ഫോൺ കട്ട് ആയി.

ഇടിമുഴക്കത്തോടുള്ള ആമിയുടെ ഭയം വെറും വാക്കുകളിൽ മാത്രമല്ലായിരുന്നു എന്ന് ഓർമ്മവന്ന ഹരി, ജോലി മതിയാക്കി വേഗം വീട്ടിലേക്കു നടന്നു...
കോളിങ്‌ ബെൽ അടിച്ചുതീരും മുൻപേ കതകു തുറന്നു, തൻറെ നെഞ്ചോട് ഒരു പൂച്ചകുട്ടിയെ പോലെ പേടിച്ചരണ്ടു  പറ്റിച്ചേർന്ന ആമിയെ ഒരിക്കലും മറക്കാനാകില്ല......



ഭയന്ന് വാതിലിനു പിന്നിൽ പതുങ്ങി ഇരിക്കുകയായിരുന്നത്രെ... ഇടിവെട്ടുമ്പോൾ ആരെയും കണ്ടില്ലെങ്കിൽ പേടിവരാതിരിക്കാൻ അമ്മുമ്മ പറഞ്ഞുകൊടുത്ത വിദ്യ വര്ഷങ്ങള്ക്കു ശേഷവും ആമി മറന്നിരുന്നില്ല....

വല്ലാത്തൊരു ഇടിമുഴക്കം ഹരിനാരായണൻറ്റെ
ചിന്തകളെ മുറിച്ചു.
തന്റെ അരികിൽ ആമിയില്ല...
അവളെ തിരഞ്ഞ കണ്ണുകൾ, വരാന്തയുടെ കോണിൽ കണ്ണടച്ചു, ഈറനാൽ പാതിയും നനഞു നിൽക്കുന്ന, ആമിയിൽ ചെന്ന് നിന്നു.
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഒരൽപം ആശ്ചര്യം തോന്നാതിരുന്നില്ല; അവളേറ്റവും ഭയപ്പെട്ടിരുന്ന ഇടിമിന്നലും കൂടെ കാതടപ്പിക്കും വിധം ഇടിമുഴക്കങ്ങളും മത്സരിച്ചു വന്നുകൊണ്ടേയിരുന്നു. ആമി എന്നാൽ ഒരു ശിലപോലെ നില്കുന്നു... ഒരുപാടു ചോദ്യങ്ങൾ ഹരിയുടെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു...

ആമിയുടെ അരികിലെത്തി, അവളുടെ മുഖത്തേക്ക് നോക്കിയതും തൻ്റെ ചോദ്യങ്ങൾ  തനിക്കു നേരെ തന്നെ തിരിയുംപോലെ ഹരിക്കു തോന്നി.

"ദേ ... തന്നെ കെട്ടിയാലും മഴയുമായുളള എന്റെ അവിഹിതം ഞാൻ തുടരും കേട്ടോ" എന്ന് പറഞ്ഞിരുന്ന, മഴയെ പ്രണയിച്ചിരുന്ന ആമിയെ അവളുടെ മുഖത്ത് ഹരിക്കു കണ്ടെത്താനായില്ല.



ആരുടെയോ ക്രോധശരം പോലെ ഭൂമിയിൽ പതിക്കുന്ന ഓരോ മിന്നലിനോടും തന്റെ പ്രാണനെടുക്കാൻ കേഴുന്ന ആമിയുടെ നിർവികാരമായ മുഖം, നോക്കി നിൽക്കാനായില്ല ഹരിക്ക്.

തന്റെ നെഞ്ചോട് പറ്റിച്ചേർന്നു നിന്നിരുന്ന ആമിയെ, ഈ കോടതി വരാന്തയുടെ അറ്റത്തു, തനിച്ചു നിർത്തുംവരെ കൊണ്ടെത്തിച്ചതിൻ്റെ  കുറ്റബോധത്തോടെ, ഡിവോർസ് പേപ്പർസ് മുറുക്കെപ്പിടിച്ചു ഹരി തിരികെ നടന്നു....

രചനാഋതു



ചിത്രങ്ങൾക്കു കടപ്പാട് : ശ്രുതി നമ്പൂതിരിയുടെ "ചാരുലത"